ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും നൊമ്പരപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന മനസ്സിന്റെ കണക്കുപുസ്തകത്തിലെ ഏടുകള്‍... ഒരുപക്ഷെ എന്റെ ഏറ്റവും വല്യ ഭയങ്ങളില്‍ ഒന്ന്‍ ഈ ഓര്‍മ്മകളെ എന്നെങ്കിലും എനിക്കു നഷ്ടമാകുമോ എന്നാണ്... വല്യ നിരാശകളേക്കാള്‍ എനിക്ക് വിഷമം തോന്നാറുള്ളത് കൊച്ചു കൊച്ചു നഷ്ടങ്ങളെപ്പറ്റിയാണ്. ചില ഓര്‍മ്മകള്‍ എത്രതന്നെ നൈമഷികമാണെങ്കിലും അവയെ ജീവിതത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമാകുന്നതില്‍ പരം ഒരു വേദന ഉണ്ടോ....
എന്റെ കുട്ടികാലം, സ്കൂള്‍ ജീവിതം, നാട്ടിലെ അവധിക്കാല കുസൃതികള്‍, കൂട്ടുകാരുമായുള്ള രസകരമായ സംഭവങ്ങള്‍.. അങ്ങനെ എന്തെല്ലാം ഓര്‍മ്മകളാണെന്നോ ഞാന്‍ മറവിക്ക് സമ്മാനിച്ചത്..അതെ .. ഞാന്‍ പൊലും അറിയാതെ എനിക്ക് നഷ്ടമായ ഈ ഓര്‍മ്മകള്‍ ഞാന്‍ തിരിച്ചു നേടാന്‍ ആഗ്രഹിക്കുന്നു.. ഹൃദയത്തെ നോവിപ്പിക്കുന്ന കണ്ണീരിന്റെ നനവുള്ള ചില ഓര്‍മ്മകളെ ഞാന്‍ മനപ്പൂര്‍വം യാത്രാമൊഴി ചൊല്ലി സ്നേഹത്തിന്റെ സമ്മാനപ്പൊതിയില്‍ പൊതിഞ്ഞ് മറവിക്ക് നല്‍കിയതായിരുന്നു...